തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സ്വയം തൊഴില്‍ നടത്തുന്നവര്‍ക്കായി സബ്‌സിഡി നിരക്കില്‍ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ആദ്യം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഏഴാം ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്കായാണ് ഈ പദ്ധതി.

വായ്പ ലഭിക്കുവാനായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴിലിന്റെ വിശദ വിവരങ്ങളുമായി ബാങ്കിനെ സമീപിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന വായ്പയുടെ മൂന്നിലൊന്ന് സര്‍ക്കാര്‍ സ്ബസിഡിയായി നല്‍കുമെന്നതാണ് പദ്ധതി. ഇത് വ്യക്തിയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയും ഗ്രൂപ്പാണെങ്കില്‍ മൂന്നര ലക്ഷം രൂപ വരെയുമാണ് ലഭിക്കുക. 18 മുതല്‍ 50 വയസുവരെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി.

ഇതിനു പുറമെ എല്‍എല്‍ബി പഠിച്ചിറങ്ങി പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്കുള്ള സാമ്ബത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയിരുന്നു. കൂടാതെ ഐടിഐ പാസായാവര്‍ക്കും ആനുകൂല്യം നല്‍കിയിരുന്നു. ഡിപ്ലോമയും എന്‍ജിനീയറിങും കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം നല്‍കിയത്. എന്നാല്‍ പുറം രാജ്യത്ത് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്.

പുറംരാജ്യത്ത് പോകുന്ന പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നത് 50,000 രൂപയാണ്. യാത്രയ്ക്കുള്ള ചെലവും വിസയുടെ തുകയും ഈ 50,000ത്തിനുള്ളില്‍പ്പെടും.