തിരുവനന്തപുരം: പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന നിലപാട് തിരുത്തി കെഎസ്‌ആര്‍ടിസി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. കണ്‍സെഷന്‍ നിര്‍ത്തലാക്കിയതിനെതിരെ സമരം ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയിലാണ് കണ്‍സെഷന്‍ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്.

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ഇതോടെ കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ അനുവദിക്കേണ്ടതില്ലെന്ന് കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്.

കണ്‍സെഷന്‍ അനുവദിക്കുന്നത് കെഎസ്‌ആര്‍ടിസിക്ക് കനത്ത നഷ്ടം വരുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് മാസക്കാലമായി കണ്‍സെഷന്‍ നിര്‍ത്തലാക്കിയിരിക്കുകയായിരുന്നു. നിലവില്‍ നാല്‍പതു കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നത്.