ജീവിതകാലം മുഴുവന്‍ ദുരിതങ്ങള്‍ മാത്രം ലഭിച്ച യുവാവിനെ തേടി ഭാഗ്യം എത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറിയുടെ രൂപത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് വാര്‍ക്കപ്പണിക്കാരനായ മരുതയൂര്‍ കുന്തറ ഭാസ്‌കരന് ലഭിച്ചത്.

ചെറുപ്പം മുതലേ കഷ്ടപ്പാടും ദുഃഖവും മാത്രം തേടിയെത്തിയ ഭാസ്‌കരനും കുടുംബത്തിനും ആശ്വാസമാകുകയാണ് ഈ ഒന്നാം സമ്മാനം. 23 വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു. പിന്നീട് അമ്മ കൂലിപ്പണിയെടുത്താണ് മക്കളെ വളര്‍ത്തിയത്. 3 വര്‍ഷം മുന്‍പ് ഭാസ്‌കരന്റെ സഹോദരന്‍ മോഹനന്‍ വൃക്കരോഗം പിടിപെട്ട് മരിച്ചു. ചികിത്സയെത്തുടര്‍ന്ന് സാമ്ബത്തികമായി തകര്‍ന്നു നില്‍ക്കുമ്ബോഴാണ് സഹോദരി രജനിയെയും വൃക്കരോഗം പിടികൂടിയത്. 2 വര്‍ഷമായി ചികിത്സയിലായിരുന്ന രജനി കഴിഞ്ഞ മാസമാണ് മരിച്ചത്.

സാധാരണ പാവറട്ടിയിലെ കടയില്‍ നിന്ന് ലോട്ടറിയെടുക്കാറുള്ള ഭാസ്‌കരന്‍ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒരുമനയൂര്‍ സ്വദേശി കൃഷ്ണന്റെ അടുത്തു നിന്നു ടിക്കറ്റ് എടുക്കുകയായിരുന്നു. ടിക്കറ്റ് യൂണിയന്‍ ബാങ്ക് പാവറട്ടി ശാഖയില്‍ ഏല്‍പിച്ചു. മാതാവ് കുഞ്ഞിപ്പെണ്ണ്, ഭാര്യ സരിത, മക്കളായ ശരത്ത്, ശിവന്യ എന്നിവരോടും മറ്റു സഹോദരങ്ങളോടും ഒപ്പമാണ് താമസം. തുടര്‍ച്ചയായി ദുരിതങ്ങള്‍ സഹിച്ചതിനുള്ള ദൈവത്തിന്റെ സമ്മാനമാണ് ഭാഗ്യക്കുറിയിലൂടെ ലഭിച്ചതെന്ന് ഭാസ്‌കരന്‍ പറഞ്ഞു.