ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും.

നടിയുടെ പരാതിയില്‍ പ്രാഥമിക പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയതായും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യര്‍ ഡിജിപിക്ക് നേരിട്ടെത്തി പരാതി നല്‍കിയത്.

സംവിധായകനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്‍റെ പരാതി.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിച്ചു.