സിനിമാലോകവും ആരാധകരും ഒരേ പോലെ ആഘോഷിക്കാനായി കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം. എന്നാണ് വിാവഹമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കാറുമുണ്ട്. അടുത്ത വര്‍ഷമായിരിക്കും അവരുടെ വിവാഹമെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. വിവാഹത്തിന് അണിയാനുള്ള ലെഹങ്ക ഡിസൈന്‍ ചെയ്യുന്നതിനായി പ്രമുഖ ഡിസൈനറെ ഇവര്‍ സമീപിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ക്ഷണക്കത്ത് പ്രചരിച്ചത്.

2020 ജനുവരി 22ന് ആലിയയും രണ്‍ബീറും വിവാഹിതരാവുകയാണെന്ന് വ്യക്തമാക്കുന്ന ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കത്തിലെ തെറ്റുകള്‍ കണ്ടെത്തിയതോടെയാണ് ഇത് വ്യാജമെന്ന് ആരാധകര്‍ തന്നെ കണ്ടെത്തിയത്. ആലിയയുടെ അച്ഛന്റെ പേരായി നല്‍കിയിരിക്കുന്നത് മുകേഷ് ഭട്ട് എന്നാണ്. മഹേഷ് ഭട്ടിന്റെ പേര് നല്‍കേണ്ടതിന് പകരം അമ്മാവന്റെ പേരാണ് നല്‍കിയത്. അത് പോലെ തന്നെ ആലിയയുടെ പേര് എഴുതിയതിലും തെറ്റുണ്ട്. കത്ത് വൈറലായി മാറിയതിന് പിന്നാലെയായാണ് ആലിയയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച്‌ ചോദിച്ചത്.

മുംബൈ എയര്‍പോര്‍ട്ടിലേക്ക് എത്തിയപ്പോഴായിരുന്നു ആലിയ ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. ആദ്യമൊന്ന് അമ്ബരന്നുവെങ്കിലും പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നു താരം. ഞാനെന്ത് പറയാനാണെന്നായിരുന്നു ആദ്യം താരം ചോദിച്ചത്. എന്നാല്‍ പിന്നീട് ഇല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രവും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രമായിരുന്നു അതെന്ന് പിന്നീടാണ് എല്ലാവരും മനസ്സിലാക്കിയത്.