ഹരിയാനയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരിക്കുമെന്ന് ഇന്ത്യാടുഡേ സര്‍വ്വേ.
മഹാരാഷ്ട്രയ്ക്കു പുറമേ ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോളുകള്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് തൂക്കുസഭയെന്ന് പ്രവചിച്ച്‌ ഇന്ത്യാ ടുഡേആക്‌സിസ് മൈ ഇന്ത്യ സര്‍വേ പുറത്തു വന്നിരിക്കുന്നത്. ഏതു വശത്തേക്കു വേണമെങ്കിലും ചായാവുന്ന ഫലമായിരിക്കും 24ന് പുറത്തുവരികയെന്നാണ് ഈ സര്‍വ്വേ ഫലം.

90 അംഗ നിയമസഭയില്‍ ബി.ജെ.പി 32-44 സീറ്റുകള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ബി.ജെ.പി 47 സീറ്റ് നേടിയിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ വിജയസാധ്യത പറയുന്നത് 30-42 സീറ്റുകളിലാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ 15 സീറ്റിന്റെ സ്ഥാനത്താണിത്.

അതുപോലെ ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) 6-10 സീറ്റുകള്‍ വിജയിക്കുമെന്നാണ് അവര്‍ പറയുന്നത്. മറ്റുള്ള കക്ഷികളും 6-10 സീറ്റുകള്‍ വിജയിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

ബി.ജെ.പി 33 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് 32 ശതമാനം വോട്ടുകളും നേടുമെന്ന് പറയുന്ന ഫലത്തില്‍ ജെ.ജെ.പി 14 ശതമാനം നേടുമെന്ന് പറയുന്നു.

23,118 പേരെ പോളില്‍ പങ്കെടുപ്പിച്ചാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ഒ.ബി.സി വിഭാഗക്കാരെയാണ് പ്രധാനമായും ഇതില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. 24 ശതമാനം. ജാട്ട് (22), പട്ടികജാതി (21), ജനറല്‍ (17), ബ്രാഹ്മണര്‍ (7), മുസ്‌ലിം, സെയ്‌നി, ഗുജ്ജര്‍ (3) എന്നിങ്ങനെയാണ് ബാക്കി കണക്കുകള്‍.

36-50 വയസ്സിനിടയിലുള്ളവര്‍ 32 ശതമാനവും 26-35 പ്രായമുള്ളവര്‍ 30 ശതമാനവുമാണ് പങ്കെടുത്തിരിക്കുന്നത്. 18-25 പ്രായമുള്ളവര്‍ 19 ശതമാനമാണ്.