മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് ഐ.എന്‍.എക്സ്. മീഡിയ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു ഒക്ടോബര്‍ 24വരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാലും ചിദംബരത്തിന് പുറത്തിറങ്ങാനാകില്ല.
നിലവില്‍ ഐ.എന്‍.എക്സ്. മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം.ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.
കേസില്‍ പി. ചിദംബരത്തിനും ലോക്സഭാ എംപിയും മകനുമായ കാര്‍ത്തി ചിദംബരവും ഉള്‍പ്പെടെ 14 പേരെ പ്രതിസ്ഥാനത്തു നിര്‍ത്തി സിബിഐ തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്കു പുറമേ ഐഎന്‍എക്സ് മീഡിയയുടെ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.