സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

നാളെ എട്ട് മണിയോടെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പുറത്തെടുക്കും. കനത്ത സുരക്ഷയാണ് സ്‌ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച്‌ സ്‌ട്രോംഗ് റൂമുകള്‍ തുറക്കുക. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും കൌണ്ടിംഗ് കേന്ദ്രത്തില്ത സജ്ജീകരിച്ചിരിക്കുന്ന ടേബിളുകളിലേക്ക് മാറ്റും. പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. പത്ത് മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. എങ്കിലും അന്തിമഫലം അറിയാന്‍ ഉച്ച വരെ കാത്തിരിക്കേണ്ടി വരും.