കൂടത്തായി കൂട്ടക്കൊല കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ മുഖ്യപ്രതി ജോളി. ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് സിലിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്ന് ജോളി മൊഴി നല്‍കി. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നതായും ജോളി പറഞ്ഞതായാണ് വിവരം.

സിലി മരിച്ചതിന് ശേഷം ഷാജുവിന്റെ ഫോണിലേക്ക് ‘എവരിതിങ് ക്ലിയര്‍’ എന്ന് സിലിയുടെ മരണ വിവരം അറിയിച്ചുകൊണ്ട് ജോളി സന്ദേശം അയച്ചിരുന്നു.

അന്വേഷണ സംഘം വൈകാതെ ഷാജുവിനെ ചോദ്യം ചെയ്തേക്കും. ഷാജുവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. റോയിയുടെ മരണ ശേഷം ജോളി ഷാജുവുമായി അടുക്കാന്‍ ശ്രമിച്ചത് സിലി മനസ്സിലാക്കിയിരുന്നു. ഇടയ്ക്കിടെ ജോളി പുലിക്കയത്തെ വീട്ടിലേക്ക് എത്തിയതും ഷാജുവുമായി അടുത്ത് ഇടപഴകാന്‍ ശ്രമിച്ചതുമാണ് സംശയത്തിന് ഇടയാക്കിയത്. ഇതിന്റഎ പേരില്‍ ഇടയ്ക്ക് കലഹവുമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിലിയെ ഒഴിവാക്കാന്‍ ജോളി തീരുമാനിക്കുന്നത്. സിലിയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കി തന്നെയായിരുന്നു ജോളി ഇതിനായുള്ള കരുക്കള്‍ നീക്കിയത്.