അഭയ കേസില്‍ നാര്‍കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ ഇന്ന് വിസ്തരിക്കും. ഡോക്ടര്‍മാരായ പ്രവീണ്, കൃഷ്ണവേണി എന്നിവരെയാണ് വിസ്തരിക്കുന്നത്. ഇവരെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.

2007ലാണ് പ്രതികളുടെ നാര്‍കോ അനാലിസിസ് ബാംഗ്ലൂരില്‍ വെച്ച്‌ നടന്നത്. അഭയയെ കൂടം പോലെയുള്ള വസ്തു കൊണ്ട് അടിച്ചെന്നും പിന്നീട് കിണറ്റിലിട്ടെന്നുമായിരുന്നു നാര്‍ക്കോ ടെസ്റ്റില്‍ പ്രതികള്‍ പറഞ്ഞത്.

അഭയ കേസില്‍ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട പ്രതികളെ ഇന്നലെ വിസ്തരിച്ചിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ ചിത്ര എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതി വിസ്തരിച്ചത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സാക്ഷിയുടെ ഒപ്പില്‍ കൃത്രിമം നടത്തിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നതായി ഡല്‍ഹി ഫോറന്‍സിക് ലാബിലെ സീനിയര്‍ സയന്റിഫിക് എക്‌സാമിനര്‍ ഡോ.എം.എ അലി മൊഴി നല്‍കി. സിസ്റ്റര്‍ അഭയ മരിച്ച ദിവസം കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ അഡീഷണല്‍ എസ്‌ഐ ആയിരുന്ന വി.വി അഗസ്റ്റിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായാണ് വെളിപ്പെടുത്തല്‍.