കൂടത്തായി കൊലപാതകക്കേസില്‍ ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സിലിയുടെ മരണത്തില്‍ ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

സിലിയെ കൊലപ്പെടുത്താന്‍ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധു വി.ഡി.സേവ്യറും പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നല്‍കിയത് ഷാജുവാണ്. സിലിയുടെ സഹോദരന്‍ സിജോയോട് ഒപ്പിടാന്‍ ഷാജുവും ജോളിയും നിര്‍ബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. താമരശേരിയിലെ ദന്താശുപത്രിയില്‍നിന്ന് കിലോമീറ്ററുകള്‍ ചുറ്റിയാണ് ജോളി കാറോടിച്ച്‌ ഷാജുവിനൊപ്പം സിലിയെ ഓമശേരിയിലെ ആശുപത്രിയിലെത്തിച്ചതെന്നും സേവ്യര്‍ പറഞ്ഞു.

സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നല്‍കിയെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. 2016 ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകള്‍ക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നല്‍കിയത്.

താമരശേരി ദന്താശുപത്രിയില്‍ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയതും മരണം ഉറപ്പുവരുത്താനായിരുന്നു. അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടില്‍ നിന്നായിരുന്നുവെന്ന് മകനും പൊലീസിന് മൊഴി നല്‍കിയിരുന്നു.