റിയാദ്: മദീന ബസ് അപകടത്തില്‍ ഏഴു ഇന്ത്യക്കാര്‍ മരിച്ചെന്ന് കോണ്‍സുലേറ്റിന്റെ സ്ഥിരീകരണം. ബിഹാര് സ്വദേശി മുഹമ്മദ് അഷ്‌റഫ് അന്‌സാരി, ഉത്തര്‍പ്രദേശ് സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സഹീര്‍ ഖാന്‍, ബിലാല്‍, വെസ്റ്റ് ബംഗാള്‍ സ്വദേശി മുഹമ്മദ് മുഖ്താര്‍ അലി ഗാസി എന്നിവര്‍ ഈ തീര്‍ഥാടക സംഘത്തില്‍ ഉണ്ടായിരുന്നതായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചത്. ഇവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുമെന്നാണ് വിവരം.
അപകടത്തില്‍ പൊള്ളലേറ്റ മഹാരാഷ്ട്ര സ്വദേശികളായ മാതിന് ഗുലാം വാലീ, ഭാര്യ സിബ നിസാം ബീഗം എന്നിവര്‍ മദീന കിങ് ഫഹദ് ആശുപത്രയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മൂന്നു പേരാണ് രക്ഷപ്പെട്ടത്. ഉംറ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസും ഒരു ഹെവി ടിപ്പര്‍ വാഹനവും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേരാണ് മരിച്ചത്. മദീനയ്ക്ക് സമീപത്തെ ഹിജ്‌റ റോഡിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ബസ് പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു.