ചെന്നൈ: 2013ല്‍ ഇന്ത്യന്‍ ടീമില്‍നിന്ന് താന്‍ കാരണമാണ് പുറത്തായതെന്ന ശ്രീശാന്തിന്റെ ആരോപണം തള്ളി തമിഴ്നാട് താരം ദിനേഷ് കാര്‍ത്തിക്. 2013ലെ ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല. സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തനിക്കെതിരെ ദിനേഷ് കാര്‍ത്തിക് നല്‍കിയ പരാതിയാണ് ഇതിന് കാരണമെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ശ്രീശാന്ത് എനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍നിന്ന് അദ്ദേഹം പുറത്താകാന്‍ കാരണം ഞാനാണെന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളോടു പ്രതികരിക്കുന്നതുപോലും ബാലിശമാണെന്ന് ദിനേശ് കാര്‍ത്തിക് ഇതിന് മറുപടി നല്‍കി.

ഗ്രൗണ്ടില്‍ ഉണ്ടായ ചെറിയൊരു സംസാരത്തിന്റെ പേരില്‍ കാര്‍ത്തിക് തനിക്കെതിരെ പരാതി നല്‍കിയെന്നും ഇതോടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമില്‍ തനിക്ക് ഇടം ലഭിച്ചില്ല എന്നുമായിരുന്നു ശ്രീശാന്ത് വ്യക്തമാക്കിയത്. കാര്‍ത്തിക്, ഈ വാര്‍ത്ത നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വര്‍ഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണു എന്നുമാണ് ശ്രീശാന്ത് ആരോപിച്ചത്.