തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയിലെ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ തീരുമാനം. മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട, അദാലത്തിലെ രേഖകള്‍ ചേര്‍ന്നതിലാണ് അന്വേഷണം.

സര്‍വ്വകലാശാല രജിസ്ട്രാറെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍, അദ്ദേഹം അസൗകര്യം പറഞ്ഞതിനാല്‍ ജോയിന്‍റ് രജിസ്ട്രാര്‍ക്ക് ചുമതല നല്കി.

എംജി സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് വന്‍ മാര്‍ക്ക് ദാനം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കോതമംഗലം കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിക്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. കോതമംഗലത്തെ ബിടെക്ക് വിദ്യാര്‍ത്ഥി ആറാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷയില്‍ എന്‍എസ്‌എസ് സ്കീമിന്‍റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ എന്‍എസ്‌എസ്സിന്‍റെ മാര്‍ക്ക് നല്‍കിയതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.