സംവിധായകൻ ശ്രീകുമാർ മേനോന്റെ ഭീഷണി സൂചിപ്പിച്ച് നടി മഞ്ജു വാര്യർ സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നൽകി. പോലീസ് അന്വേഷണത്തിൽ ഇടപെടാതെ പരാതി പരിശോധിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി. ശ്രീകുമാർ മേനോനെതിരെ അമ്മ സംഘടനയ്ക്കും മഞ്ജു വാര്യര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ശ്രീകുമാർ മേനോനെതിരെ മഞ്ജു തിങ്കളാഴ്ച ഡിജിപിക്കു പരാതി നൽകിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. തന്നെയും തന്റെ കൂടെ നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളിൽ നിന്ന് ഒഴിവാക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
പിന്നാലെ മഞ്ജു വാര്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് പോസ്റ്റിൽ അദ്ദേഹം ഉയർത്തിയത്. മാധ്യമങ്ങളിൽ നിന്നാണ് പരാതിയെ കുറിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണമായി സഹകരിക്കും. എനിക്കും മഞ്ജുവിനും അറിയുന്ന “എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും പോസ്റ്റിൽ പറയുന്നു.
മഞ്ജു വാര്യരുടെ പരാതി: പ്രത്യേക സംഘം അന്വേഷിക്കും
പരാതി പരിശോധിക്കാൻ ഡിജിപി തന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കേസ് ഡിജിപിയുടെ മേൽനോട്ടത്തിൽ പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രകാശ് ആണ് അന്വേഷിക്കുന്നത്. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതിയായതിനാൽ മാധ്യമ ശ്രദ്ധ കൂടുതൽ ലഭിക്കുമെന്നതിനാൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.
ഇതിന് മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ശ്രീകുമാർ മേനോന്റെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തും. അതിനു ശേഷം പരാതിയിൽ മഞ്ജു പരാമർശിക്കുന്ന ശ്രീകുമാർ മേനോന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും അന്വേഷണത്തിന്റെ ഘടന തീരുമാനിക്കുക.