കൊച്ചി : മാതാപിതാക്കളെ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കൊലപ്പെടുത്തി. എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്ന്‍ അഴീക്കല്‍ക്കടവുവീട്ടില്‍ റിട്ടയേര്‍ഡ് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ ഷംസു (61), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് മകന്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് കത്തി, ചുറ്റിക, ഹാക്സോ ബ്ലേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നു തൃക്കാക്കര അസി. കമീഷണര്‍ വി കെ രാജു പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ മാനസികരോഗവിഭാഗത്തില്‍ സനല്‍ വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ നിലവിളി കേട്ടാണ് സംഭവം അയല്‍ക്കാര്‍ ശ്രദ്ധിച്ചത്. സരസ്വതിയെ തള്ളിയിട്ട് മകന്‍ ആക്രമിക്കുന്നതാണ് ഇവര്‍ കണ്ടത്. കൈയില്‍ കത്തിയുണ്ടായിരുന്നു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സനല്‍ കത്തി വീശി ഭയപ്പെടുത്തി. ഷംസു പ്രഭാത നടത്തത്തിന് പോയിരിക്കുകയായിരുന്നു. ഷംസു വന്നപ്പോള്‍ അയല്‍ക്കാര്‍ കാര്യം പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം മുകള്‍ നിലയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഷംസുവിന്റെയും സരസ്വതിയുടെയും കരച്ചില്‍ കേട്ടതായി അയല്‍ക്കാര്‍ പറയുന്നു. തുറന്നുകിടന്ന ജനല്‍വഴി കണ്ട സനലിനോട് അച്ഛനും അമ്മയും എവിടെയെന്ന് ചോദിച്ചപ്പോള്‍, മുകളിലുണ്ടെന്നായിരുന്നു മറുപടി.

ഷംസുവിനെയും സരസ്വതിയെയും താഴേക്ക് കാണാത്തതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. എളമക്കര പൊലീസ് എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മുകള്‍നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സനലിന് നല്‍കാനുള്ള മരുന്ന് സരസ്വതിയുടെ കൈയിലുണ്ടായിരുന്നു. ഈ സമയം ഭാവഭേദമൊന്നുമില്ലാതെ വീടിന്റെ താഴത്തെ നിലയില്‍ ഇരിക്കുകയായിരുന്നു സനല്‍.