കൊച്ചി: വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ നടപ്പാക്കിയ ‘ബ്രേക്ക് ത്രൂ’ പദ്ധതിയുടെ വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ച്‌ ജില്ലാ കളക്ടര്‍ എസ് സുഹാസ്. കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയത്. ഏകദേശം 4 മണിക്കൂര്‍ കൊണ്ട് 2800ല്‍ പരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും നിരവധി പൊതുജനങ്ങളും പദ്ധതിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെത്തിയതോടെ കളക്ടര്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ച്‌ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

രാത്രി ഒമ്ബതരയോടെ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ ജനററേറ്ററുകള്‍ സ്ഥാപിച്ച്‌ വെളളം പമ്ബ് ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് പത്തേകാലിന് കളക്ടര്‍ എസ് സുഹാസ്, ഡെപ്യൂട്ടി കലക്ടര്‍ സന്ധ്യ ദേവി, കണയന്നൂര്‍ താലൂക്ക് തഹസീല്‍ദാര്‍ ബീന പി ആനന്ദ്, അഗ്‌നിശമന സേനാംഗങ്ങള്‍, വൈദ്യുതി, ഇറിഗേഷന്‍, കമ്മീഷണര്‍ വിജയ് സാഖറെ, അഡീഷണല്‍ കമ്മീഷണര്‍ കെപി ഫിലിപ്, ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, റവന്യു ഉദ്യോഗസ്ഥരും എന്നിവരും സ്ഥലത്തെത്തി. വരുന്ന ദിവസങ്ങളിലുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.