ദുബായിയില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ആഗോളസമ്മേളനത്തോടനുബന്ധച്ച് ബിസിനസ് പ്രൊമോഷന് കൗണ്‍സില്‍ രൂപീകരിച്ചു. സഭയിലെ പ്രമുഖ ബിസിനസ്സ് സംരംഭകരെ സംഘടിപ്പിച്ചു കൊണ്ടു രൂപീകരിച്ച കൗണ്‍സിലിന്റെ പ്രഥമ കോണ്‍ക്ലേവ് കൊച്ചിയില്‍ ഡിസംബര്‍ 19-ന് നടക്കും. സഭയുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രോത്സാഹനങ്ങള്‍ നടപ്പാക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശം. പ്രഥമ കൗണ്‍സിലില്‍ ബെന്നി മാത്യു (ബെന്‍ എയര്‍), റാഫേല്‍ തോമസ്, ഡേവിസ് ഇടക്കളത്തൂര്‍ (ലുമിനസ് ഗ്രൂപ്പ്), ജോയി അറയ്ക്കല്‍ (ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ്), സി. പ്രിന്‍സ് (ഗള്‍ഫ് ഇക്കോ ഫ്രണ്ട്ലി സര്‍വീസസ് എല്‍എല്‍സി), ജിബി പാറയ്ക്കല്‍ (പിഎസ്ജി ഗ്രൂപ്പ്), ടി.ജെ. വിത്സണ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ്- ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍), സന്തോഷ് മാത്യു, ദേവസ്സി, റോണി പോള്‍ എന്നിവരാണ് അംഗങ്ങള്‍.
വിഷന്‍ 2025 എന്ന സെമിനാറിന്റെ ഭാഗമായി രൂപീകരിച്ച കൗണ്‍സിലിലാണ് ഇത്തരമൊരു കോണ്‍ക്ലേവ് ചേരാനുള്ള തീരുമാനം ഉണ്ടായത്. കത്തോലിക്ക കോണ്‍ഗ്രസ് ദുബായില്‍ നടത്തിയ ഗ്ലോബല്‍ സമ്മേളനത്തില്‍ സമുദായത്തിനും സമൂഹത്തിനും പ്രോത്സാഹനമാകുന്ന നിരവധി പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്കി. ഇത്തരം പ്രോജക്ടുകളെ വേണ്ടവിധത്തില്‍ സഹായിക്കാന്‍ പ്രോജക്റ്റ് പ്രൊമോട്ടേഴ്സ് കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച സംരംഭകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് ഈ കൗണ്‍സില്‍ രൂപീകരിച്ചത്.
വിഷന്‍ 2025 എന്ന സെമിനാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിഷയാവതരണം നടത്തി. യുകെയിലെ ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ അധ്യക്ഷത വഹിച്ച സെമിനാറില്‍ പാര്‍ലമെന്റ് അംഗങ്ങളായ ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, എഎല്‍എസ് ഡയറക്ടര്‍ ജോര്‍ജ് മാത്യു, സണ്ണി ജോസഫ് എംഎല്‍എ, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജോര്‍ജ് കോയിക്കല്‍, ഫീസ്റ്റി മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ചലഞ്ചേഴ്സ് ഓഫ് മൈ ഗ്രീന്‍സ് എന്ന വിഷയത്തെക്കുറിച്ചുള്ള സെക്ഷന്‍ മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിഷയ അവതരണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി ടി ചാക്കോ (ഗുജറാത്ത്), ദുബായ് എസ്എംസിഎ പ്രസിഡന്റ് വിപിന്‍ വര്‍ഗീസ്, കല്യാണ്‍ രൂപത വികാരി ജനറല്‍ മോണ്‍. ഇമ്മാനുവേല്‍ കാടന്‍കാവില്‍, കുവൈറ്റ് എസ്എംസിഎ പ്രസിഡന്റ് തോമസ് കുരുവിള, ജോയ് ആന്റണി ഖത്തര്‍, ഷെവ. സിബി വാണിയ പുരയ്ക്കല്‍, കുവൈറ്റ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ സുനില്‍ പി. ആന്റണി, റിയാദ് സിഎംസി പ്രസിഡന്റ് ബിനോയ് ജോസഫ് പടപ്പ്, ഗ്ലോബല്‍ സെക്രട്ടറി ആന്റണി എല്‍. തൊമ്മാന എന്നിവര്‍ വിഷയാവതരണത്തില്‍ സഹ പങ്കാളികളായി.
പ്രൊഫഷണലിസം ആന്‍ഡ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂര്‍ ചെയര്മാന് പ്രൊഫസര്‍ ജെ. ഫിലിപ്പ് വിഷയാവതരണം നടത്തി. അഡ്വക്കേറ്റ് എബ്രഹാം ജോസഫ്, വി.ഒ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതികളുടെ രൂപീകരണ സെക്ഷനില്‍ ബെനയര് ഗ്രൂപ്പ് എംഡി ബെന്നി പുളിക്കകര, ഇന്നോവ ഗ്രൂപ്പ് എംഡി ജോയി അറക്കല്‍, ആസ്റ്റര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി ജെ വില്‍സണ്‍, റിസള്‍ട്ട് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ഡയറക്ടര്‍ റ്റിനി ഫിലിപ്പ്, ഡോ. ജോസുകുട്ടി ജെ ഒഴുകയില്‍ തുടങ്ങിയവര്‍ പ്രോജക്ടുകള്‍ അവതരിപ്പിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയുന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേള മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കാനഡ ബിഷപ്പ് മാര്‍ ജോസഫ് കല്ലുവേലില്‍, ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍, ഡയറക്ടര്‍ ഫാദര്‍ ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍, ട്രഷറര്‍ പി. ജെ. പാപ്പച്ചന്, ജോസ് മേനാച്ചേരില്‍, ഡെന്നി കൈപ്പനാല്‍, ജോബി നീണ്ടുകുന്നേല്‍, തോമസ് പീടികയില്‍, ജോയ് മുപ്രപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2021-ല്‍ സിംഗപ്പൂരില്‍ നടക്കുന്ന ആഗോള സമ്മേളനത്തിനു നേതൃത്വം നല്കുന്ന ഗ്ലോബല്‍ സെക്രട്ടറി ജോസഫ് പാറേക്കാട്ടിലിനു പ്രസിഡന്റ് ബിജു പറയുന്നില്ലവും ജനറല്‍ കണ്‍വീനര്‍ ബെന്നി പുള്ളിക്കകരയും ചേര്‍ന്നു കത്തോലിക്കാ കോണ്‍ഗ്രസ് പതാക കൈമാറി. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ദുബായ് സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയില്‍ ആര്‍ച്ച് ബിഷപ്പുമാരും നിരവധി വൈദികരുമടക്കം നാലായിരത്തോളം വിശ്വാസികളും പങ്കെടുത്തു.