കൊച്ചി: ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയെ തുടര്‍ന്ന് എറണാകുളം എംപി ഹൈബി ഈഡന്റെ വീടും കാറും വെളളത്തിനടിയിലായി. വെള്ളം കയറിത്തുടങ്ങി അരമണിക്കൂറിനുള്ളില്‍ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിലാകുകയായിരുന്നു.
തുലാവര്‍ഷത്തോടനുബന്ധിച്ചുളള കനത്തമഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ റോഡുകള്‍ വെളളത്തിനിടയിലായതോടെ, ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലുമടക്കം വെളളം കയറി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, പല ബൂത്തുകളിലും വെളളം കയറിയത് വോട്ടെടുപ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്. പല ബൂത്തുകളിലും വൈദ്യുതി സംവിധാനം തകരാറിലായിട്ടുണ്ട്. ഉച്ച കഴിഞ്ഞ് ഇടിമിന്നലോടെ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പ് നഗരവാസികളെ ആശങ്കപ്പെടുത്തുകയാണ്.