കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന പരാതിയില്‍ യുവതിയ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കാസര്‍കോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കള്ള വോട്ട് ആരോപണം തെറ്റാണ്. ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്‌നത്തിന് കാരണം. രണ്ട് പേര്‍ക്കും മണ്ഡലത്തില്‍ വോട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ല. വോട്ട് ചെയ്യാന്‍ വന്ന നബീസ സ്വന്തം ഐഡി കാര്‍ഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാന്‍ വന്നതാണെങ്കില്‍ സ്വന്തം ഐഡി കാര്‍ഡ് കൊണ്ടല്ലല്ലോ വരികയെന്നു ഉണ്ണിത്താന്‍ പ്രതികരിച്ചു.

എന്നാല്‍ കസ്റ്റഡിയിലെടുത്ത നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല എന്ന് വ്യക്തമായിരുന്നു. അത് പരിശോധിച്ച ശേഷമാണ് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കിയത്. മഞ്ചേശ്വരത്തെ 42-ാം ബൂത്തില്‍ തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. ഇവര്‍ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയില്‍ മനസ്സിലായതോടെ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്ക് ബൂത്ത് മാറിപ്പോയതാണെന്ന വാദം ആദ്യം ഉന്നയിച്ചെങ്കിലും പിന്നീടത് പൊളിഞ്ഞു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം നബീസയുടെ കുടുംബാംഗങ്ങള്‍ ആരോപണം നിഷേധിച്ചു.