കോട്ടയം: അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് അഭീല്‍ ജോണ്‍സണാണ് മരിച്ചത്. പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംസ്ഥാന ജൂനിയര്‍ മീറ്റില്‍ വളന്റിയറായിരുന്നു അഭീല്‍.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തവാര്‍ത്ത എത്തുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രണ്ട് മത്സരങ്ങള്‍ക്ക് ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ത്രോ മത്സരങ്ങള്‍ക്കായി മലപ്പുറം സ്വദേശിയായ ഭാരവാഹിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മത്സരങ്ങളുടെ വിധി കര്‍ത്താക്കളായ രണ്ട് പേരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു.