കൊച്ചി: മഴ കനക്കുകയും പാളത്തില്‍ വെള്ളം കയറുകയും ചെയ്തതോടെ ചില തീവണ്ടികള്‍ റദ്ദാക്കി. മിക്ക ട്രെയിനുകളും വൈകിയോടുകയാണ്. അതിനിടെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം സൗത്തില്‍ പാളത്തില്‍ വെള്ളം കയറി. പിറവം റോഡ് വൈക്കം ഭാഗത്ത് മണ്ണിടിഞ്ഞതും ഗതാഗതം തടസപ്പെടാന്‍ കാരണമായി.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് യാത്ര പാതിവഴിയില്‍ നിര്‍ത്തി. ആലപ്പുഴ വരെ സര്‍വീസ് നടത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി. മൊത്തം എട്ട് തീവണ്ടികളാണ് യാത്ര റദ്ദാക്കിയത്….

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ ശക്തിപ്പെടാന്‍ സാധ്യത

നീരൊഴുക്ക് കൂടിയതിനാല്‍ നെയ്യാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു. അടുത്ത നാല് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് കാരണം. മൂന്ന് ന്യൂനമര്‍ദ്ദങ്ങളാണ് തുടര്‍ച്ചയായി സംഭവിക്കാന്‍ പോകുന്നത്. ഇതോടെ മഴ ഡിസംബറിലേക്കും നീണ്ടേക്കുമെന്നാണ് ആശങ്ക. മഴ ശക്തിപ്പെട്ടതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് കുറയുമെന്നാണ് വിലയിരുത്തല്‍.

റദ്ദാക്കിയ പാസഞ്ചറുകള്‍

തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ തീവണ്ടികളും റദ്ദാക്കി. ആലപ്പുഴ-എറണാകുളം (56384), എറണാകുളം കായംകുളം (56381), കായംകുളം എറണാകുളം (56382), എറണാകുളം കായംകുളം (56387), കായംകുളം എറണാകുളം (56388) തുടങ്ങിയ പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയത്.

പാതിവഴിയില്‍ നിന്നത്

വേണാട് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിട്ടു, കൊല്ലം എറണാകുളം പാസഞ്ചര്‍ തൃപ്പൂണിത്തുറയില്‍ സര്‍വീസ് നിര്‍ത്തി. ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടു. മഴ മറ്റു ദീര്‍ഘദൂര തീവണ്ടികളെല്ലാം വളരെ വൈകിയാണ് ഓടുന്നത്.

കേരളത്തില്‍ വ്യാഴാഴ്ച വരെ

കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാന നിരീക്ഷകര്‍ പറയുന്നത്. മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായി രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴ ശക്തമാക്കാന്‍ പോകുന്നത്. മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചിലപ്പോള്‍ ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്‌തേക്കാം.

കാലംതെറ്റി പെയ്യുന്ന മഴ

തുലാമഴ ഒരു പക്ഷേ അടുത്ത മാസം അവസാനത്തിലേക്കും അതിന് ശേഷവും പെയ്‌തേക്കാമെന്നാണ് നിഗമനം. കാലംതെറ്റി പെയ്യുന്ന മഴ കനത്ത നാശത്തിന് കാരണമായേക്കാം. നിലവില്‍ തുലാമഴ അധികംലഭിച്ചുകഴിഞ്ഞു. കൊച്ചിയുടെ പല ഭാഗങ്ങലും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഴ പെയ്യുന്നുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം.

ആഴ്ചകളോളം തുടര്‍ന്നേക്കും

ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അടുത്ത നാല് ദിവസം മഴ പെയ്യിക്കുക. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. മഴ ആഴ്ചകളോളം തുടര്‍ന്നേക്കുമെന്ന സൂചനയാണിത്.

നവംബര്‍ ആദ്യവാരത്തിലും

ഈ മാസം 24 വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം നവംബര്‍ ആദ്യവാരത്തിലും ശക്തമായ മഴയ്ക്ക്് കാരണമായേക്കും. 2017ല്‍ കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ വഴിയാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം എത്തുക. ഒരുപക്ഷേ ഇത് ചുഴലിക്കാറ്റിന് കാരണമായേക്കാം.

പോളിങ് സമയം നീട്ടും

നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റേണ്ട എന്നാണ് തീരുമാനം. എന്നാല്‍ പോളിങ് സമയം നീട്ടും. ഇനിയും മഴ ശക്തിപ്പെട്ടാല്‍ ഒരുപക്ഷേ എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചേക്കുമെന്നാണ് വിവരം. എറണാകുളത്തെ പോളിങ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മാറ്റിവയ്ക്കുന്നതില്‍ വിരോധമില്ലെന്ന് യുഡിഎഫ് നേതാക്കളും പ്രതികരിച്ചു.