ചെന്നൈ: പഴയകാല നടി ടിപി രാധാമണി(67) അന്തരിച്ചു. ചെന്നൈ വടപളനിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈയില്‍ നടക്കും.

ദേശീയ പുരസ്‌കാരജേതാവാണ് രാധാമണി. അരവിന്ദന്‍ ചിത്രം ഉത്തരായനത്തിലെ അഭിനയത്തിനാണ് അവര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. പ്രേംനസീര്‍, സത്യന്‍, മോഹന്‍ലാല്‍, മമ്മൂട്ടി. ഷാരൂഖ് ഖാന്‍ തുടങ്ങിയ മുന്‍നിര നായകര്‍ക്കൊപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടി കൂടിയാണ് രാധാമണി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും നൂറോളം ചിത്രങ്ങളില്‍ രാധാമണി അഭിനയിച്ചിട്ടുണ്ട്.

സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തില്‍ ‘തമ്ബ്രാന്‍ തൊടുത്തത് മലരമ്ബ്’ എന്ന പാട്ടിനൊപ്പം ജയഭാരതിയും രാധാമണിയും വെച്ച ചുവടുകള്‍ ഇന്നും ആദ്യകാല സിനിമാ പ്രേമികളുടെ മനസില്‍ മായാതെ ഉണ്ട്.
അവസാനകാലത്ത് ജിവിക്കാന്‍ പണം ഇല്ലാതെ കഷ്ടപ്പെടുന്ന രാധാമണിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ സഹായം രാധാമണിക്ക് നല്‍കിയിരുന്നു.