ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് ശക്തമായ മഴ. ശക്തമായ മഴ തിരഞ്ഞെടുപ്പിനെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. എരണാകുളത്ത് യുഡിഎഫിന് ശുഭ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എംജി റോഡിലെ പലകടകളിലും വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് മുതലാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടങ്ങിയത്. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. കൊച്ചി എംജി റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യം ഉള്ളത്.
മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് മന്ദഗതിയിലാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് തുടരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.