ന്യൂഡല്‍ഹി: രാജ്യത്തിനകത്തും പുറത്തും രാഹുല്‍ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 1991 മുതല്‍ രാഹുല്‍ നടത്തിയ 156 വിദേശസന്ദര്‍ശനങ്ങളില്‍ 143 തവണയും അദ്ദേഹം എസ്പിജി സുരക്ഷ ഒഴിവാക്കിയെന്നും രാജ്യത്തു പലയിടത്തും സഞ്ചരിക്കുമ്ബോള്‍ രാഹുല്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചിട്ടില്ലെന്നും എസ്പിജി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷാഭീഷണിയുള്ള മുന്‍പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം സുരക്ഷ നല്‍കുന്നത് എസ്പിജിയാണ്. 2015 മുതല്‍ ഈ വര്‍ഷം മേയ് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാത്ത വാഹനത്തില്‍ 1,892 തവണയാണ് രാഹുല്‍ ഡല്‍ഹിയില്‍ യാത്ര ചെയ്തത്. ഡല്‍ഹിക്കു പുറത്തുള്ള യാത്രകളില്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കില്‍ 247 തവണയും സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു. യുപിഎ സര്‍ക്കാര്‍ ഭരിച്ച 2005-2014 കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 തവണ ബുള്ളറ്റ് കവചമില്ലാത്ത വാഹനത്തില്‍ രാഹുല്‍ സഞ്ചരിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

സുരക്ഷാ പ്രോട്ടോകോള്‍ രാഹുല്‍ പാലിക്കുന്നില്ലെന്നാണ് ഒരു വിഭാഗം എസ്പിജി ഉദ്യോഗസ്ഥരും ഉന്നയിക്കുന്ന വിമര്‍ശനം. എസ്പിജി സുരക്ഷയുള്ളവര്‍ക്ക് എല്ലാ സമയവും സുരക്ഷ നല്‍കണമെന്നാണ് ചട്ടമെന്നും വിദേശയാത്രയും അതില്‍ ഉള്‍പ്പെടുമെന്നുമാണ് ഉയരുന്ന വാദം. അതേസമയം വിദേശയാത്രകളിലും സുരക്ഷ നല്‍കുന്നതിനെ കുറിച്ച്‌ എസ്പിജി നിയമത്തില്‍ പ്രത്യേകം പറയുന്നില്ലെന്നും വാദമുണ്ട്.

നേരത്തെ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വിദേശത്തും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് വിമര്‍ശനത്തിന് കാരണമായിരുന്നു. വിദേശങ്ങളിലെ യാത്രാവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം.