കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും കനത്ത മഴ വോട്ടെടുപ്പിനെ സാരമായി ബാധിക്കുന്നു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് അതിശക്തമായ മഴയാണ്. എറണാകുളത്ത് ബൂത്തുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടിടങ്ങളിലെ ആറു ബൂത്തുകളില്‍ പോളിങ്ങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

എറണാകുളത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കളക്ടറുമായി സംസാരിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. വോട്ടെടുപ്പ് ഴഴവകി ആരംഭിച്ചാല്‍ സമയം നീട്ടി നല്‍കുന്നത് പരിഗണനയിലെന്ന് മീണ വ്യക്തമാക്കി. വോട്ടെടുപ്പ് തുടരാന്‍ സാധിച്ചിച്ചെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരുമെന്നും , സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണ്. കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ തുടര്‍ നടപടിയെന്ന് മീണ കൂട്ടിച്ചേര്‍ത്തു. പോളിങ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് എറണാകുളം കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

അതേസമയം കൊച്ചി എംജി റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.

കോന്നിയില്‍ തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറി. മണ്ഡലത്തിലെ 25 ബൂത്തുകളില്‍ വൈദ്യുതി തടസ്സം നേരിടുന്നതോടെ പോളിങ് മന്ദഗതിയിലാണ്. അരൂരിലും കനത്ത മഴ തുടരുകയാണ്. പല ബൂത്തുകളിലും പോളിങ് തടസ്സപ്പെട്ടു. മഞ്ചേശ്വരത്ത് വോട്ടെടുപ്പ് സാധാരണ ഗതിയില്‍ പുരോഗമിക്കുകയാണ്.