പത്തനംതിട്ട: കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക കണ്ടെത്തല്‍. മത ചിഹ്നം ദുരുപയോഗപ്പെടുത്തി വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ വരാണാധികാരിയായ ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി. വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം. വീഡിയോ നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണം.
എന്‍ഡിഎ പ്രചാരണത്തിന് തയ്യാറാക്കിയ ഗാനത്തില്‍ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ ചിത്രവും കെ സുരേന്ദ്രന്റെ ചിത്രവും ചേര്‍ത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ നല്കിയ പരാതി. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ച കെ സുരേന്ദ്രന് എതിരെ നടപടി വേണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പരാജയം മുന്നില്‍ കണ്ട ഇടത്- വലത് മുന്നണികള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് വിവാദത്തില്‍ കെ. സുരേന്ദ്രന് പ്രതികരിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടുതേടിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.