തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജലീലിന് മന്ത്രിക്കസേരയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും തോറ്റ കുട്ടികളെ ജയിപ്പിച്ചതിലൂടെ മന്ത്രി വിദ്യാഭ്യാസ മേഖലയുടെ അന്തസ്സും നിലവാരവും തകര്‍ത്തെന്നും മുല്ലപ്പള്ളി പറഞ്ഞു. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശ്വാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രസ്താവന നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.