കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ന്യായീകരണവുമായി മന്ത്രി കെ ടി ജലീല്‍ . നിയമങ്ങള്‍ക്കും , ചട്ടങ്ങള്‍ക്കും തന്റെ മനസിലെ നന്മയെ തടയാനാകില്ല. നിയമത്തിനും ചട്ടത്തിനും അപ്പുറമായി തന്റെ മുന്നിലെത്തിയ കുട്ടിയുടെ ദൈന്യത മാത്രമാണ് താന്‍ കണ്ടത്. ആ വിദ്യാര്‍ഥിക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് എല്ലാവരും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയേനെ.

മുന്നില്‍ വരുന്ന പ്രശ്‌നങ്ങളോട് മനുഷ്യത്വപരമായി സമീപിക്കാന്‍ വ്യക്തികള്‍ക്കും ജനപ്രതിനിധികള്‍ക്കും സാധിക്കണം. ചട്ടങ്ങളും നിയമങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. താന്‍ ചെയ്തത് ചട്ടങ്ങള്‍ക്ക് എതിരാണെങ്കില്‍, മഹാ അപരാധവും തെറ്റുമാണെങ്കില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ ആ തെറ്റ് ആവര്‍ത്തിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും കെ ടി ജലീല്‍ പറഞ്ഞു .
ആകാശം ഇടിഞ്ഞു വീണാലും ഭൂമി പിളര്‍ന്നാലും അത്തരം നിലപാടുമായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നത് -ജലീല്‍ പറഞ്ഞു. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്കത്ത് മന്ത്രി ജലീലിന് നേരെ കരിങ്കൊടി കാട്ടി. മന്ത്രി പങ്കെടുത്ത ചടങ്ങിന്‍റെ വേദിക്ക് പുറത്തായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.