കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പേര്‍ട്ട് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം കൈപ്പറ്റുന്ന തട്ടിപ്പ് സംഘം വ്യാപകമായിട്ടുണ്ടെന്ന് സിയാല്‍.

സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി ഒഴിവുണ്ടെന്ന് കാട്ടി ഒട്ടേറെ ഏജന്‍സികള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കില്‍ നിശ്ചിത തുക ആവശ്യപ്പെട്ടാണ് ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നത്. ഇത്തരം ഏജന്‍സികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ ഒഴിവില്ല. ഒഴിവുകള്‍ ഉണ്ടായാല്‍ അത് സിയാലിന്റെ വെബ്‌സൈറ്റിലും പത്രത്തിലും പ്രസിദ്ധീകരിക്കും. എല്ലാ തസ്തികകളും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും അറിയിപ്പുണ്ട്.