തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ പാരമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പരാമര്‍ശത്തില്‍ വേദനയുണ്ടെന്ന് വി.എസിനോട് മുല്ലപ്പള്ളി പറഞ്ഞു. വി.എസിന് തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച്‌ ആശംസകള്‍ നേരാന്‍ വിളിച്ചപ്പോഴായിരുന്നു ഖേദ പ്രകടനം. സുധാകരന്‍ എം.പി വി.എസിനെതിരെ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിരുന്നു. വി.എസ് കേരളത്തിലെ പരിണിതപ്രജ്ഞനും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമാണ്. സുതാര്യമായ പൊതുജീവിതത്തിനുടമയാണ്.

താന്‍ ആദരിക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ച്‌ കെ. സുധാകരന്‍ പരാമര്‍ശം നടത്തിയത്. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. തൊണ്ണൂറാം വയസില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

വി എസിനെ അധിക്ഷേപിക്കുന്ന സുധാകരന്റെ പ്രതികണം കോണ്‍ഗ്രസിനെ അപഹാസ്യരാക്കുമെന്ന് സിപിഎംഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. വി.എസ് സമാദരണീയനായ നേതാവാണെന്നും കോടിയേരി പറഞ്ഞു. സുധാകരന്‍ നിരുപാധികം മാപ്പുപറയണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. വി എസിനെതിരായ സുധാകരന്റെ പരാമര്‍ശം പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.