ന്യൂഡല്‍ഹി: കേരളത്തില്‍ വിതരണം ചെയ്യുന്ന പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥമായ അഫ്ലക്ടോക്സിന്‍ എം വണ്‍ കണ്ടെത്തി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്സ് അഥോറിറ്റി നടത്തിയ പരിശോധനയിലാണ് കേരളത്തിനു പുറമേ തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പാലില്‍ ആരോഗ്യത്തിനു ഹാനികരമായ ഘടകം കണ്ടെത്തിയത്. രാജ്യത്ത് എല്ലായിടത്തുനിന്നും സാംപിളുകള്‍ ശേഖരിച്ചാണ് ഫുഡ് സേഫ്റ്റി അഥോറിറ്റി നാഷനല്‍ മില്‍ക്ക് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സര്‍വേ നടത്തിയത്. ഇതില്‍ കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ആറു ശതമാനം സാംപിളുകളില്‍ അഫ്ലക്ടോക്സിന്‍ എം വണിന്റെ അംശം കണ്ടെത്തി.

കാലിത്തീറ്റ വഴിയായിരിക്കും ഇത് പാലില്‍ എത്തുന്നത് എന്നാണ് നിഗമനം. കാലിത്തീറ്റയില്‍ അഫ്ലക്ടോക്സിന്റെ അളവു നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്തു സംവിധാനമില്ല. സംസ്‌കരിച്ച്‌ എത്തുന്ന പാലിലാണ് രാസപദാര്‍ഥത്തിന്റെ അളവ് കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി 6432 സാംപിളുകളില്‍ പരിശോധിച്ചതില്‍ 93 ശതമാനവും സുരക്ഷിതമാണെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. 41 ശതമാനവും ചില മാനദണ്ഡങ്ങള്‍ വച്ച്‌ നോക്കുമ്ബോള്‍ മനുഷ്യ ഉപയോഗത്തിനു പാകമല്ലെന്നും ഇവ ഗുരുതരമായ പ്രശ്നങ്ങള്‍ക്കു കാരണമാവില്ലെന്നുമാണ് സര്‍വേ നിഗമനം. പാലില്‍ കൊഴുപ്പിന്റെയും സോളിഡ് നോണ്‍ ഫാറ്റിന്റെയും അളവു വേണ്ടത്രയില്ലെന്ന് സര്‍വേ പറയുന്നു.