താന്‍ രാഷ്ട്രീയത്തില്‍ എത്തിയതും ഇടതുപക്ഷ രാഷ്ട്രീയം തിരഞ്ഞെടുത്തതും നിങ്ങല്‍ തുണിക്കടയില്‍ പോയി തുണി തിരഞ്ഞെടുക്കുന്നത് പോലെയായിരുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. ജീവിക്കാനായി തൊഴിലെടുക്കുകയും തൊഴിലിടം തന്നെ രാഷ്ട്രീയക്കാരനാക്കി മാറ്റുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഭൂമിയെ ഉത്പാദനോപാധിയായും തൊഴില്‍ ദാതാവായും കാണാന്‍ തന്നെ പഠിപ്പിച്ചതും ആ രാഷ്ട്രീയമാണെന്നും ഭൂമിയിലായാലും വിവരമായാലും അതില്‍ പണിയെടുത്ത് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് ആ രാഷ്ട്രീയം തന്നെ പഠപ്പിച്ചതെന്നും മാതൃഭൂമി വാരാന്തപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വിഎസ് വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

കംപ്യൂട്ടറിനെക്കുറിച്ചോ സോഫ്റ്റെ വെയറിനെക്കുറിച്ചോ ആയിരുന്നില്ല, വിജ്ഞാനം ചിലര്‍ കുത്തകയാക്കി വെച്ച്, അത് വിറ്റ് ലാഭം കൊയ്യുന്നതിനെക്കുറിച്ചാണ് ഞാന്‍ വേവലാതിപ്പെട്ടത്. സ്കൂള് പാഠ്യപദ്ധതിയിലൂടെ നമ്മുടെ കുഞ്ഞുകള്‍ അവര്‍ വലയിലാക്കുന്നതിനെ അങ്ങനെയാണ് എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്.

അറിയാത്ത പല കാര്യങ്ങളും

വാസ്തവത്തില്‍ എനിക്ക് അറിയാത്ത സാങ്കേതിക വിദ്യയും പാഠ്യപദ്ധതിയുടെ പ്രയോഗവുമെല്ലാം ആ വിഷയത്തിലുണ്ടായിരുന്നു. അത്തരം കാര്യങ്ങളില്‍ പലരും സഹായവുമായി മുന്നോട്ട് വന്നു. വിജ്ഞാനത്തിന്‍റെ കുത്തകവത്കരണത്തിന് എതിരായി പോരാടുന്ന ആള്‍ എന്ന നിലയിലാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ പരിചയപ്പെടുന്നതെന്നും അഭിമുഖത്തില്‍ വിഎസ് അഭിപ്രായപ്പെടുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

ഇന്ത്യയിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏതാണ്ട് പൂരിതമായ അവസ്ഥയിലെത്തിയെന്നും ഇനി തിരിഞ്ഞു നോക്കേണ്ട സമയമാണെന്നും ഞാന്‍ വിചാരിക്കുന്നില്ല. എന്നാല്‍ വ്യക്തമായ ഒരു രാഷ്ട്രീയ ലൈനിന്‍റെ അടിസ്ഥാനത്തില്‍ കൊകൊണ്ട നടപടികളും അവയുടെ ഫലപ്രാപ്തിയും റിവ്യൂ ചെയ്യപ്പെടുക തന്നെ വേണം.

പരിസ്ഥിതി

കുന്നിടിച്ചും വയല്‍ നികത്തിയും കാടും കായലും കൈയേറിയും ഭൂമിയെ ചരക്കാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍ത്ഥ്യം ഉണ്ടാക്കുന്നുണ്ട്. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ സാധ്യതകള്‍ പോലും അതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും വിഎസ് വ്യക്തമാക്കുന്നു.

പരിസ്ഥിതി സംരക്ഷണം

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമാണ് പരിസ്ഥിതി സംരക്ഷണം. നയം മാത്രം പോരല്ലോ. അതിനൊരു പ്രയോഗവും വേണം. അത്തരം പ്രയോഗങ്ങള്‍ക്കു വേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കാനുള്ള മുന്‍ഗണനകളില്‍ പരിസ്ഥിതി സംരക്ഷണവും ഉണ്ട് എന്നര്‍ത്ഥം. നയ രൂപീകരണ, നിര്‍വ്വഹണ പ്രക്രിയയില്‍ നമുക്ക് ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.

ഭൂമി മാത്രം പോര

വികസനം വരാന്‍ ഭൂമി മാത്രം പോരെന്നും, നമ്മുടെ കുന്നുകളും നദികളും വയലുകളുംകൂടി വേണമെന്ന് തീരുമാനിക്കാത്ത ഇടത്താണ് നമുക്ക് പിഴവുകള്‍ തുടങ്ങിയത്. അപ്പോഴും പ്രകൃതിയെ സംരക്ഷക്കാത്ത വികസനം സുസ്ഥിരമാവില്ലെന്ന് ശാസ്ത്രസമൂഹവും സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരുന്നു. അവരെ നാം വികസന വിരുദ്ധരെന്നും കപട പരിസ്ഥിതി വാദികളെന്നും വിളിച്ച് ആക്ഷേപിച്ചു.

വെള്ളം ചേര്‍ക്കപ്പെട്ടു

വയലേലകള്‍ക്കും കണ്ടല്‍ കാടുകള്‍ക്കും തണ്ണൂര്‍ തടങ്ങള്‍ക്കും കപടവികസന മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താനായില്ല. കാലാകാലങ്ങളില്‍ പരിസ്ഥിതി സംരക്ഷണനിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഭൂമി ഉത്പാദനോപാധിയല്ലെന്നും വെറും ചരക്കാണെന്നും നാം പഠിച്ചെടുത്തു. കൂടിവെള്ളത്തേക്കാള്‍ പ്രാധാന്യം വാട്ടര്‍ തീം പാര്‍ക്കുകളാണെന്ന ബോധ്യത്തിലായിരുന്നു നാം.

പറയും

നാളെ ഒരു തലമുറ ക്വാറികളെക്കുറിച്ച് പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ വികസനത്തെക്കുറിച്ച് പറയും. ദുരിതാശ്വാസത്തെക്കുറിച്ച് പറയും. ഗാഡ്കില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയും. കുന്നിടിക്കലിനെക്കുറിച്ചും കയ്യേറ്റങ്ങള്ളെക്കുറിച്ചും മണലൂറ്റിനെക്കുറിച്ചും ഭൂപരിഷ്കരണത്തിന്‍റെ രണ്ടാം ഘട്ടത്തെക്കുറിച്ചും വ്യവസായങ്ങളെക്കുറിച്ചും പാര്‍ശ്വവത്കൃത ജനവിഭാഗാങ്ങളെക്കുറിച്ചുമെല്ലാം പറയുമെന്നും വിഎസ് വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ നയങ്ങളും നടപടികളും

മുന്‍കാല റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യത്യസ്തമായി, സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന വിലയിരുത്തലും ഈ കമ്മീഷന്‍ നടത്തുന്നുണ്ട്.ജനാധിപത്യ വ്യവസ്ഥയില്‍, ജനങ്ങളാണ് പരമാധികാരികള്‍ എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും, ഭരണനിര്‍വ്വഹണ കാര്യങ്ങളില്‍ അവര്‍ക്ക് ആ പരമാധികാരമില്ല എന്നതാണ് വസ്തുത. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ നയങ്ങളും നടപടികളും എന്താണെന്ന് പോലും പലപ്പോഴും അവര്‍ അറിയുന്നില്ലെന്നും അഭിമുഖത്തില്‍ വിഎസ് വ്യക്തമാക്കുന്നു.