നിയന്ത്രണരേഖ മറികടന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. പാക് അധിന കശ്മീരില്‍ നാലു ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ ആക്രമണം നടത്തി. അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

താങ്ധര്‍ മേഖലയ്ക്ക് എതിര്‍വശമുള്ള ഭീകരക്യംപുകള്‍ക്കു നേരെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പാക് അധിനിവേശ കശ്മീരിലെ നീലം വാലിയില്‍ ഭീകരരുടെ നാല് ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവി ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതാണ് അക്രമണത്തിന് കാരണമെന്ന് ഇന്ത്യന്‍ സൈന്യം പ്രതിരോധവകുപ്പ് മന്ത്രിയെ അറിയിച്ചു. പാക് ഭീകരവാദ ക്യാംപുകളാണ് സൈന്യം ആക്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഭീകരരെ തുടര്‍ച്ചയായി എത്തിക്കുന്ന പാക് ഭീകര ക്യാംപുകളിലേക്ക് പീരങ്കികള്‍ ഉപയോഗിച്ചാണ് സൈന്യം ആക്രമണം നടത്തിയത്. കുപ്വാരയില്‍ താങ്ധര്‍ പ്രവശ്യയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ പാക് വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും മൂന്നു പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെയ്പ്പില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിനു പ്രതികാരമായാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

കഴിഞ്ഞയാഴ്ച, ബാരാമുള്ളയിലും രജ്ധൗരിയിലും പാകിസ്ഥാന്‍ നിയന്ത്രണരേഖ കടന്ന് നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം, രണ്ടായിരത്തിലധികം പ്രാവശ്യം പാകിസ്ഥാന്‍ നിയന്ത്രണരേഖ കടന്ന് വെടിനിര്‍ത്തല്‍ കാരര്‍ ലംഘിച്ചിട്ടുണ്ടെന്നും അതില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 2003 ലെ വെടിനിര്‍ത്തല്‍ ധാരണ പാലിക്കണമെന്നും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സമാധാനവും ശാന്തതയും പാലിക്കണമെന്നും ഇന്ത്യ പലതവണ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.