കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ന്യായീകരണവുമായി മന്ത്രി കെ.ടി. ജലീല്‍. വിഷയത്തില്‍ അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും നിയമത്തിനും ചട്ടത്തിനും തന്റെ മനസിലെ നന്മയെ തടയാനാകില്ലെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. കോഴിക്കോട് മുക്കത്ത് ബി.പി.മൊയ്തീന്‍ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മുന്നിലെത്തിയ കുട്ടിയുടെ ദൈന്യത മാത്രമാണ് നിയമത്തിനും ചട്ടത്തിനും അപ്പുറമായി താന്‍ പരിഗണിച്ചത്. ആ വിദ്യാര്‍ഥിക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് എല്ലാവരും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയേനെ. മുന്നില്‍വരുന്ന പ്രശ്‌നങ്ങളോട് മനുഷ്യത്വപരമായി സമീപിക്കാന്‍ വ്യക്തികള്‍ക്കും ജനപ്രതിനിധികള്‍ക്കും സാധിക്കണം.

“ചട്ടങ്ങളും നിയമങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇതെല്ലാം ചട്ടങ്ങള്‍ക്ക് എതിരാണെങ്കില്‍, മഹാ അപരാധവും തെറ്റുമാണെങ്കില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ആ തെറ്റ് ആവര്‍ത്തിക്കാന്‍ തന്നെയാണ് തന്റെ തീരുമാനം”,മന്ത്രി വിശദീകരിച്ചു. ആകാശവും ഭൂമിയും പിളര്‍ന്നാലും നിലപാടുകളില്‍ മാറ്റംവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുക്കത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.