ന്യൂഡല്‍ഹി: പാകിസ്താന്‍ പെണ്‍കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പാകിസ്താന്‍ സ്വദേശിനിയായ ഒമൈമ അലി എന്ന ബാലികയുടെ ചികിത്സയ്ക്കാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീറിന്റെ ഇടപെടലിലൂടെയാണ് സൗകര്യമൊരുക്കിയത്. ഗൗതം ഗംഭീര്‍ വിഷയം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ അറിയിക്കുകയും അടിയന്തിര നടപടിയെടുക്കുകയുമായിരുന്നു.

ഒമൈമയ്ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് വിസ തടസം ഉണ്ടായിരുന്നു. ഇത് നീക്കാനാണ് ഗംഭീര്‍ ഇടപെട്ടത്. ഗംഭീറിന്റെ ആവശ്യത്തില്‍ നടപടി സ്വീകരിച്ച കേന്ദ്രമന്ത്രി ഇസ്ലാമാബാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അയച്ച കത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും വിസ നല്‍കാന്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയുടെ കത്തിന്റെ പകര്‍പ്പ് ഗംഭീര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഒരു മകള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നത് പോലെയാണ് ഇത് തോന്നിപ്പിക്കുന്നതെന്നാണ് ഗംഭീര്‍ ചിത്രത്തോടൊപ്പം ഹിന്ദിയില്‍ കുറിച്ചത്.