കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെയും പരസ്യപ്രചരണം അവസാനിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ശനിയാഴ്ച നടന്ന കൊട്ടിക്കലാശം വന്‍ ആവേശമായി. ഇനി ഒരു ദിവസം നിശബ്ദപ്രചരണം. ശേഷം തിങ്കളാഴ്ച അഞ്ചുമണ്ഡലങ്ങളും ബൂത്തിലേക്ക്.
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.പ്രശാന്തും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥി എസ്.സുരേഷും കൊട്ടിക്കാലശ ദിവസം പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, നടന്‍ ജഗദീഷ് തുടങ്ങിയവര്‍ യു.ഡി.എഫ്. റോഡ് ഷോയില്‍ പങ്കെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു എല്‍.ഡി.എഫിന്റെ അവസാനദിന പരസ്യപ്രചരണം. കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി.യുടെ കൊട്ടിക്കലാശത്തിന്റെ ഭാഗമായി.
കോന്നിയിലും കൊട്ടിക്കലാശത്തിന്റെ ആവേശം പാരമ്യത്തിലെത്തി. യു.ഡി.എഫ്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതൊഴിച്ചാല്‍ കോന്നിയിലെ കൊട്ടിക്കലാശം സമാധാനപരമായിരുന്നു. അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും നിരവധി പ്രവര്‍ത്തകരാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ. പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളിലായി സംഘടിച്ച് കൊട്ടിക്കലാശം ആവേശകരമാക്കി.