ധാക്ക: ബി.എസ്.എഫ് ജവാനെ വധിച്ചത് ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ്സിന്‍റെ തെറ്റിദ്ധാരണ മൂലമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു . ആവശ്യമെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി .

കഴിഞ്ഞ ദിവസമാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാന്‍ വിജയ് ബാന്‍ സിങ് ബംഗ്ലാദേശ് സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മറ്റൊരു ജവാന് പരുക്കേറ്റിരുന്നു .

തങ്ങളുടെ പിടിയിലായ ഇന്ത്യന്‍ മീന്‍പിടിത്തക്കാരനെ മോചിപ്പിക്കാന്‍ അതിക്രമിച്ച്‌ എത്തിയവരാണെന്ന് കരുതി സ്വയംപ്രതിരോധത്തിന്‍റെ ഭാഗമായാണ് വെടിവെച്ചതെന്ന് നേരത്തെ ബംഗ്ലാദേശ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, യാതൊരു പ്രകോപനവും കൂടാതെ ബോര്‍ഡര്‍ ഗാര്‍ഡ്സ് വെടിവെക്കുകയായിരുന്നുവെന്നും തങ്ങള്‍ തിരിച്ചടിക്ക് മുതിര്‍ന്നില്ലെന്നും ബി.എസ്.എഫ് വ്യക്തമാക്കി . പ്രകോപനം കൂടാതെ വെടിവെച്ചത് കടന്ന കൈയ്യാണെന്ന് ഇന്ത്യന്‍ അധികൃതറം പറഞ്ഞിരുന്നു