തിരുവനന്തപുരം: പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കൂടത്തായി കൊലപാതക കേസിലെ മൂന്ന് പ്രതികളേയും താമരശ്ശേരി കോടതി കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയില്‍ ഹാജരാക്കുമ്പോഴും കോടതിമുറിക്കുള്ളിലും ജോളിക്ക് യാതാരൊ കൂസലുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ നിസ്സംഗമായ ഭാവം മാറി ആത്മവിശ്വാസമേറിയ മുഖത്തോടു കൂടിയായിരുന്നു ജോളിയെ ഇന്നലെ കോടതിയില്‍ കണ്ടത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യം ജോളിയേയും പിന്നാലെ മാത്യുവിനേയും പ്രജി കുമാറിനേയുമായിരുന്നു കോടതിയില്‍ എത്തിച്ചത്. പ്രതികളെത്തി 15 മിനിറ്റ് കഴിഞ്ഞതോടെ കോടതി നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ സമയത്ത് കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന ജോളി മുഖത്തെ ചുരിദാറിന്‍റെ ഷാള്‍ എടുത്ത് മാറ്റുകയും ചെയ്തു.

ചിരിക്കുന്നത്

തന്‍റെ അടുത്ത് വന്നിരുന്ന വനിതാ പോലീസുമായി സംസാരിക്കുന്നതിനിടയില്‍ ജോളി ചിരിക്കുന്നതും കാണാമായിരുന്നു. ഇതിനിടയിലാണ് ആളുരിന്‍റെ ജൂനിയറായ അഭിഭാഷകന്‍ ജോളിയുമായി അഞ്ച് മിനുട്ടോളം സംസാരിച്ചത്. മജിസ്ട്രേറ്റ് ചോദിച്ചാല്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കണമെന്നായിരുന്നു അഭിഭാക്ഷകന്റെ പ്രധാന ആവശ്യമെന്നായിരുന്നു സൂചന.

കോടതി നടപടി

കോടതി നടപടി ആരംഭിച്ചതോടെ മാത്യുവിനും പ്രജികുമാറിനുമൊപ്പം ജോളിയും പ്രതിക്കൂട്ടിലേക്ക് കയറി. യാതൊരു ഭാവ മാറ്റവും ഇല്ലാതെയായിരുന്നു ജോളി പ്രതിക്കൂട്ടില്‍ കയറി നിന്നത്. എന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടോയെന്ന മജിസ്ട്രേന്‍റിന്‍റെ ചോദ്യത്തിന് ഇത്തവണയും ഒന്നുമില്ലെന്ന മറുപടി തന്നെയായിരുന്നു ജോളിക്ക് ഉണ്ടായിരുന്നത്.

പരാതിയുണ്ട്

കേസിലെ രണ്ടാം പ്രതിയായ മാത്യുവിനോട് പരാതി വല്ല ബോധിപ്പിക്കാനുണ്ടെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി. ജഡ്ജി അടുത്തേയ്ക്ക് വിളിപ്പിച്ചപ്പോള്‍ താന്‍ വലിയ മാനസിക ബുദ്ധിമുട്ടിലാണെന്നായിരുന്നു മാത്യുവിന്റെ പരാതി. മറ്റെന്തെങ്കിലും ബുദ്ധുമുട്ട് ഉണ്ടോയെന്ന ആരാഞ്ഞപ്പോള്‍ ഇല്ലെന്ന മറുപടിയും നല്‍കി.

കൈകൊട്ടി

മാത്യു ജഡ്ജിയുമായി സംസാരിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നിന്ന ജോളി ചിരിച്ചുകൊണ്ട് കോടതി മുറിയിലുണ്ടായിരുന്ന വനിതാ പൊലിസിനെ കൈകൊട്ടി അടുത്തേയ്ക്ക് വിളിപ്പിച്ചു. പോലീസ് പോകാന്‍ തയ്യാറായില്ലെങ്കിലും പിന്നെയും അടുത്ത് വരാന്‍ ചിരിച്ചുകൊണ്ട് തന്നെയാണ് ജോളി ആവര്‍ത്തിച്ചത്. കോടതി നടപടികള്‍ക്ക് ശേഷവും 15 മിനുട്ടോളം വനിതാ പൊലിസുമായി ജോളി സംസാരം തുടര്‍ന്നു.

രണ്ട് തവണ

അതേസമയം, ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്‍റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രി വാരിയരുടെ മകളെ കൊല്ലാന്‍ രണ്ട് തവണ ശ്രമിച്ചിരുന്നതായുള്ള വെളിപ്പെടുത്തല്‍ ജോളി നടത്തി. ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിലെ സിഐയോടാണ് ജോളി ഇക്കാര്യം അറിയച്ചത്.

ഞെട്ടിച്ചു

ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും രണ്ട് തവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ചോദ്യം ചെയ്തവരെ ഞെട്ടിച്ചു. മൂന്ന് മാസത്തെ ഇടവേളയിലാണ് രണ്ട് ശ്രമങ്ങളും നടന്നത്. എന്നാല്‍ കൃത്യസമയത്ത് വൈദ്യ സഹായം ലഭിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

ഡോക്ടര്‍ പറഞ്ഞത്

ശാരീക അസ്വസ്ഥകളെ തുടര്‍ന്ന് ഒരു തവണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍ വിഷാംശം ഉള്ളില്‍ കടന്നതിന്‍റെ ലക്ഷണങ്ങളുണ്ടല്ലോ എന്ന് പറഞ്ഞിരുന്നതായി ജയശ്രീ പറഞ്ഞിട്ടുണ്ട്. രണ്ട് തവണയും കുഞ്ഞ് ബോധമില്ലാതെ വീണപ്പോള്‍ ജോളി തന്നെയായിരുന്നു ജയശ്രീയെ വിവരം അറിയിച്ചത്.

കൊലപാതക ശ്രമങ്ങള്‍

ജയശ്രീ കൂടത്തായിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാലത്തായിരുന്നു കൊലപാതക ശ്രമങ്ങള്‍ നടന്നത്. ഇതിലൊരിക്കല്‍ ‘നമ്മുടെ മോള് പോയീ ജയശ്രീ ചേച്ചി’ എന്ന് ജോളി വിളിച്ച് കരയുകയും ചെയ്തിരുന്നു. എന്‍ഐടി അധ്യാപികയെന്ന നിലയില്‍ സ്ഥാപിച്ചെടുത്ത ബന്ധമാണ് ജോളിക്ക് ജയശ്രീയുമായി ഉണ്ടായിരുന്നത്.