ബയ്‌റൂത്ത്: കടുത്തി സാമ്ബത്തിക പ്രതിസന്ധിയിലായ ലബനോനില്‍ ആളുകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെ പരിഹാര നടപടിക്കായി 72 മണിക്കൂര്‍ സമയം നല്‍കി പ്രധാനമന്ത്രി സഅത് ഹരീരി. തന്റെ സഖ്യകക്ഷികള്‍ക്കു മുന്നിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. അതിനുള്ളില്‍ പരിഹാര മാര്‍ഗമുണ്ടായില്ലെങ്കില്‍ രാജിയുണ്ടാവുമെന്നാണ് സൂചന.

വാട്‌സ്‌ആപ്പ് കോളുകള്‍ക്ക് അടക്കം പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ തുടര്‍ന്നാണ് ലെബനോനില്‍ പ്രക്ഷോഭമുണ്ടായത്. കടത്തില്‍ മുങ്ങിയ സമ്ബദ് വ്യവസ്ഥയെ രക്ഷിക്കാനായിരുന്നു നികുതികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വാട്‌സ്‌ആപ്പ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബയ്‌റൂത്തിലെ രക്തസാക്ഷിത്വ മണ്ഡപത്തില്‍ ആയിരങ്ങള്‍ ലബനോന്‍ പതാകയുമേന്തി പ്രതിഷേധിക്കാനെത്തി. ഹരീരി അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ രാജി ആവശ്യപ്പെട്ടാണ് ആളുകള്‍ തെരുവിലിറങ്ങിയത്.

റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും പലയിടത്തും വ്യാപക സംഘര്‍ഷമുണ്ടാവുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പ്രതിഷേധക്കാര്‍ റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്.