കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതിയായ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ നവംബര്‍ രണ്ടുവരെ നീട്ടുകയും ചെയ്തു.

അതിനിടെ ജോളിയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കരുതെന്ന് ജോളിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യം കോടതി തള്ളി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ പ്രതികളെ മൂന്ന് പേരെയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു.

കോടതി നടപടികള്‍ക്കിടെ ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്തുവന്നു. ജോളിയെ കബളിപ്പിച്ചുകൊണ്ട് വക്കാലത്ത് സ്വന്തമാക്കുകയായിരുന്നു ആളൂരെന്നും ഇത് ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും താമരശ്ശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതിക്ക് മുമ്ബാകെ വ്യക്തമാക്കി.സൗജന്യമായി നിയമ സഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് പ്രതികള്‍ക്ക് സൗജന്യ സേവനം നല്‍കാനാകില്ല. ആളൂര്‍ പട്ടികയില്‍ ഇല്ലാത്ത ആളാണെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുന;പരിശോധിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ജോളിയുടെ അഭിഭാഷകരും രംഗത്തെത്തി.

എന്നാല്‍ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും ഇക്കാര്യത്തില്‍ പരാതി ബോധിപ്പിച്ചാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.