തിരുവനന്തപുരം: എം.ജി യൂനിവേഴ്‌സിറ്റി മാര്‍ക്ക്ദാന വിഷയത്തില്‍ കെ.ടി ജലീലിനെത്തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. മാര്‍ക്ക്ദാന വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. മുന്‍വിധികളൊന്നുമില്ലാതെ സമഗ്രമായി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പാര്‍ട്ടി തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്ക്ദാന വിവാദം മൂര്‍ച്ചിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നിലപാടുമായി കോടിയേരി രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരേ കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണത്തോട് കോടിയേരി വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരേ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും അങ്ങനെചെയ്താല്‍ യഥാര്‍ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ആരോപണം ഉന്നയിക്കുമ്ബോള്‍ മറ്റ് ആരോപണം ഉന്നയിക്കുന്നത് യു.ഡി.എഫ് ശൈലിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത സാഹചര്യത്തിലും കോടിയേരിക്ക് മറുപടിയുമായി ജലീല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. അടി കിട്ടിയാല്‍ മറ്റേ മുഖം കാണിച്ചുകൊടുക്കാന്‍ താന്‍ ഗാന്ധിയല്ലെന്നും യൂനിവേഴ്സിറ്റി മാര്‍ക്ക്ദാനത്തില്‍ താന്‍ ഉത്തരവാദിയല്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ താന്‍ ഉന്നയിക്കുന്ന ആരോപണം വസ്തുതാപരമാണ്. അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുറ്റക്കാരനാണ്. ഉമ്മന്‍ചാണ്ടിയും സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന് രാജന്‍ ഗുരുക്കള്‍ പറഞ്ഞത്. താന്‍ ഇത്തരത്തില്‍ ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.