കണ്ണൂര്‍: സിനിമാനടി സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെപേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച്‌ സംസാരിച്ചയാള്‍ പിടിയില്‍.

കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) പിടിയിലായത്. സനൂപിന്റെ പിതാവ് സന്തോഷ് ആണ് പരാതി നല്‍കിയത്.

സഹോദരന്‍ വിളിച്ച്‌ സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്ബര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച്‌ സംസാരിക്കുന്നത് ഇയാളുടെ ശീലമാണ്.

വാട്‌സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്.

രണ്ടുവര്‍ഷംമുമ്ബ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചത്. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്. ടൗണ്‍ എസ്.ഐ. ബി.എസ്. ബാവിഷും സി.പി.ഒ. ബാബു പ്രസാദും അന്വേഷണസംഘത്തിലുണ്ട്.