തിരുവനന്തപുരം: പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറിലും വട്ടിയൂര്‍ക്കാവില്‍ സജീവ ചര്‍ച്ചാ വിഷയമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിനുള്ള എന്‍എസ്‌എസിന്‍റെ പരസ്യപിന്തുണ. സമദൂരം വിട്ട് ശരിദൂരത്തിലെത്തിയ എന്‍എസ്‌എസ് അവിടവും കടന്ന് കരയോഗങ്ങള്‍ തോറും സമ്മേളനം വിളിച്ച്‌ യുഡിഎഫിനായി പരസ്യപ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് സംഘടന.

കഴിഞ്ഞ മൂന്ന് തവണയും വട്ടിയൂര്‍ക്കാവില്‍ വിജയിച്ച യുഡിഎഫിന് എന്‍എസ്‌എസ് പിന്തുണ ഇത്തവണത്തെ ശക്തമായ ത്രികോണപ്പോരില്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു. അതേസമയം മറുവശത്ത് യുഡിഎഫിന് കിട്ടുന്ന എന്‍എസ്‌എസ് പിന്തുണ മറികടക്കാനുള്ള തന്ത്രങ്ങളാണ് സിപിഎമ്മും ബിജെപിയും ആവിഷ്കരിക്കുന്നത്. സമുദായനേതൃത്വത്തിന്‍റെ ആഹ്വാനം അണികള്‍ തള്ളുമെന്നാണ് സിപിഎം വിശ്വാസം.

വികെ പ്രശാന്തിന്‍റെ പ്രതിച്ഛായയും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് എതിര്‍ഘടകങ്ങളെ മറികടക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. ത്രീകോണപ്പോരില്‍ ബിജെപിക്കും വലിയ പ്രതീക്ഷയാണുള്ളത്. എന്‍എസ്‌എസിന്‍റെ ശരിദൂരം ആര്‍ക്ക് ഗുണം ചെയ്യുമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് അഭിപ്രായപ്പെട്ടത്. ആര്‍ക്കെതിരേയും പരാതി നല്‍കാന്‍ ഞങ്ങളില്ല, അതിന്‍റെ ആവശ്യം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.