കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയെ രക്ഷിക്കാന്‍ അഡ്വക്കേറ്റ് ആളൂര്‍ രംഗത്തെത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാര്‍ത്തയായിരുന്നു.എന്നാല്‍, സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്കായി ഹാജരായ വക്കീലിനെ തന്‍റെ കേസ് വാദിക്കാന്‍ വേണ്ടെന്നാണ് ജോളി ഇപ്പോള്‍ പറയുന്നത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ഒന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജോളി വാര്‍ത്താലേഖകരോട് ഇക്കാര്യം പറഞ്ഞത്.സഹോദരന്‍ ഏര്‍പ്പാടാക്കിയതെന്നാണ് അഭിഭാഷകന്‍ പറഞ്ഞതെന്നും താനത് വിശ്വസിക്കുന്നില്ലെന്നു൦ ജോളി പറഞ്ഞു.
സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിച്ചാണ് ജോളി വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വ്യക്തമാക്കി.ആളൂര്‍ കുപ്രസിദ്ധ കേസുകള്‍ മാത്രമാണ് എടുക്കുക എന്ന് ജോളി പിന്നീടാണ് മനസിലാക്കിയതെന്നും ചീപ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ആളൂരിന്‍റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ സമ്മര്‍ദ്ദ൦ മൂലമാണ് ജോളി തന്നെ തള്ളിപറയുന്നതെന്നാണ് ആളൂരിന്‍റെ പ്രതികരണം.എന്തുക്കൊണ്ടാണ് ജോളി ഇക്കാര്യം കോടതിയില്‍ പറയാതിരുന്നതെന്ന് ചോദിച്ച ആളൂര്‍ പൊലീസ് ഇടപെടല്‍ കാരണം പ്രതിഭാഗം വക്കീലിന് പ്രതിയുമായി സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും വ്യക്തമാക്കി.
കോടതിയില്‍ ഹാജരാക്കിയ ജോളിയുമായി ആളൂരിന്‍റെ ജൂനിയര്‍ അഭിഭാഷകര്‍ വനിതാ പൊലീസിന്‍റെ സാന്നിധ്യത്തില്‍ സംസാരിച്ചിരുന്നു.ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്‍റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്നായിരുന്നു ആളൂര്‍ മുന്‍പ് പറഞ്ഞിരുന്നത്.
അതേസമയം, കൂടത്തായി കൊലപാതക പരമ്ബരയില്‍ ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.അന്വേഷണ ഉദ്യോഗസ്ഥന്‍ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. നേരത്തെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് ജോളിയെ അറസ്റ്റ് ചെയ്തിരുന്നത്.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജോളിയെ അടക്കം മൂന്നു പ്രതികളെ താമരശേരി കോടതി ജയിലിലേക്ക് മടക്കി അയച്ചിരുന്നു.പ്രതികളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. സിലിയുടെ കൊലപാതകത്തില്‍ എം.എസ്. മാത്യുവിനെയും അറസ്റ്റ് ചെയ്യുന്നതിനായി ശനിയാഴ്ച അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും.
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയത്.പൊലീസിനെക്കുറിച്ച് പരാതികളില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. പ്രതികളുമായി സംസാരിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ജോളിയുമായി രഹസ്യമായി സംസാരിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു.തുടര്‍ന്ന് സംസാരിക്കാതെ മടങ്ങിയ അഭിഭാഷകര്‍ ശനിയാഴ്ച കോടതിയില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു.