മലപ്പുറം: സിവിള്‍ സര്‍വീസില്‍ ഒ.ബി.സി ക്വാട്ടയില്‍ കടന്നുകൂടാനായി വ്യാജരേഖ ചമച്ച കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്ര അന്വേഷണം. നിലവില്‍ മലബാര്‍ മേഖലയില്‍ ഈ ഐ.എ.എസുകാരന് വ്യാജരേഖ സമര്‍പ്പിച്ചത് സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയമാണ് അന്വേഷണം ആരംഭിച്ചത്. ഈ കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ ഇയാള്‍ക്ക് ഐ.എ.എസ് പദവി നഷ്ടപ്പെടും. 2016 ബാച്ച് ഉദ്യോഗസ്ഥനായ സബ് കളക്ടറോട് ഹിയറിംഗിനായി എറണാകുളം കളക്ടര്‍ എസ്.സുഹാസിന്റെ മുന്പില് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2015ല്‍ 215ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഇയാള്‍ പിന്നാക്ക ക്രിമിലയര്‍ വിഭാഗത്തില്‍ നിന്നും ഒഴിവാകാന്‍ വരുമാനം കുറച്ച് കാണിച്ചുവെന്നും അത് സംബന്ധിച്ച് വ്യാജരേഖ ഹാജരാക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. യു.പി.എ.സിക്ക് നല്കിയ അപേക്ഷാഫോമില്‍ അച്ഛനമ്മമാര്‍ക്ക് പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും ഐ.എ.എസ് ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാള്‍ 2012 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളിലായി സമര്‍പ്പിച്ച അപേക്ഷാഫോമുകളില്‍ 1.8 ലക്ഷം, 1.9 ലക്ഷം, 2.4 ലക്ഷം എന്നിങ്ങനെയായിരുന്നു വരുമാനം രേഖപ്പെടുത്തിയിരുന്നത്. ക്രിമിലയര്‍ പരിധി ആറ് ലക്ഷം രൂപയായിരുന്നു.
ഇയാളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം കണക്കാക്കാന്‍ എറണാകുളം കളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തഹസില്‍ദാര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഐ.എ.എസുകാരന്റെ കുടുംബത്തിന്റെ 2012-17ലെ വാര്‍ഷിക വരുമാനം 21,80,967 രൂപയും 2013-14ല്‍ 23,05,100 രൂപയും 2014-15ല്‍ 28,71,375 രൂപയുമാണ്.ഇതനുസരിച്ച് ഇയാള്‍ നല്കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അസാധുവാകും.
അങ്ങനെയുണ്ടായാല്‍ ഒ.ബി.സി നോണ്‍ ക്രിമിലെയര്‍ ക്വാട്ട മൂലം ലഭിച്ച സിവില്‍ സര്‍വീസ് റാങ്കും അസാധുവാകും. മാത്രമല്ല, യു.പിഎസ്.സിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഇയാള്‍ക്കെതിരെ ശിക്ഷാ നടപടിയും ഉണ്ടാകും. ജൂണിലാണ് ഇദ്ദേഹത്തിനതിരെ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തില്‍നിന്നു ചീഫ് സെക്രട്ടറിക്കു കത്തു ലഭിച്ചത്.