ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ചിദംബരം വാങ്ങിയ കൈക്കൂലി 9.96 ലക്ഷം രൂപയെന്നു സിബിഐ. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണു ഈ വാദം. നേരത്തെ, ഇടപാടില്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ മുന്‍ ധനമന്ത്രിയായ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
പി. ചിദംബരത്തിനു പുറമേ ലോക്സഭ എംപിയും മകനുമായ കാര്‍ത്തി ചിദംബരം, ഐഎന്‍എക്സ് മീഡിയയുടെ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി, മുന്‍ നീതി ആയോഗ് സിഇഒ സിന്ധുശ്രീ ഖുള്ളര്‍ എന്നിവര്‍ ഉള്‍പ്പടെ 14 പേരെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസില്‍ ചിദംബരത്തെ പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതിപ്പട്ടികയിലുണ്ടെങ്കിലും ഇവര്‍ക്കെതിരേ സിബിഐ കുറ്റം ചാര്‍ത്തിയിട്ടില്ല. മകള്‍ ഷീന ബോറെയ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും ജയിലിലാണ്. ഷെല്‍ കന്പനികള്‍ രൂപീകരിച്ച് കോഴത്തുക വെളുപ്പിച്ചു എന്നതാണു ചിദംബരത്തിന്റെ മകന് കാര്‍ത്തിക്കെതിരായ കുറ്റം.
2017 മേയിലാണ് സിബിഐ ചിദംബരത്തിനെതിരെ എഫ്ഐആര്‍ രേഖപ്പെടുത്തിയത്. ഐഎന്‍എക്സ് മീഡിയ എന്ന കന്പനിക്കു വഴിവിട്ടു വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിനു പ്രതിഫലമായി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനു കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഇടപാട് സമയത്ത് ചിദംബരമായിരുന്നു ധനമന്ത്രി.
ഓഗസ്റ്റ് 21-ന് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് പല തവണ ചിദംബരം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഡല്‍ഹി ഹൈക്കോടതി ഇതെല്ലാം തള്ളി. അതേസമയം, സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിയിരിക്കുകയാണ്.