മെക്സിക്കോയില്‍ നിന്നും മടക്കി അയച്ച ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാര്‍ ദില്ലിയില്‍ എത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ 311 പേരെയാണ് മെക്സിക്കോയില്‍ നിന്നും തിരിച്ചയച്ചത്. അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇവരെ മടക്കി അയച്ചത്. മെക്സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നത് തടയുന്നതിന് വേണ്ടിയാണ് നടപടി.

പുലര്‍ച്ചെ 5 മണിയോടെയാണ് ബോയിംഗ് 747 വിമാനത്തില്‍ ഇവര്‍ എത്തിയത്.ഒക്‌സാക്ക, ബാജാ കാലിഫോര്‍ണിയ, വെരാക്രൂസ്, ഷിയാപ്പാസ്, സൊനോറ, മെക്‌സിക്കോ സിറ്റി, ദുരംഗോ, തമാസ്‌ക്കോ എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം ഇമിഗ്രേഷന്‍ അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.

മെക്സിക്കോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരെ അറ്റ്ലാന്റിക്കിനപ്പുറത്തേയ്ക്ക് ആകാശ മാര്‍ഗം മടക്കി അയക്കുന്നതെന്ന് മെക്സിക്കോ നാഷണല്‍ മൈഗ്രേഷന്‍ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റ്സും മെക്സിക്കോ ദേശീയ സേനാംഗങ്ങളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

മെക്‌സിക്കന്‍ അതിര്‍ത്തി വഴി കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കുന്നത് തടഞ്ഞിട്ടില്ലെങ്കില്‍, മെക്‌സിക്കോയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മെക്സിക്കോ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കിയത്. അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള ശക്തമായ സന്ദേശമാണിതെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ടിംഗ് കമ്മിഷണര്‍ മാര്‍ക് മോര്‍ഗന്‍ വ്യക്തമാക്കി.