അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് സംസ്​ഥാനത്ത്​ തുലാവര്‍ഷം ശക്തിപ്രാപിച്ചു. ഇതേത്തുടര്‍ന്ന്​ ശനിയാഴ്ച എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിന്​ സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരള തീരം, ലക്ഷദ്വീപ്, കര്‍ണാടക തീരം, മധ്യകിഴക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന്​ സാധ്യതയുണ്ട്​. ഇത്തരം മിന്നല്‍ അപകടസാധ്യതയേറിയതായതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന്​ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അതിരപ്പിള്ളിയിലെ മലവെള്ളപ്പാച്ചില്‍ പരിഭ്രാന്തി പരത്തി

അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ രണ്ടിടത്ത് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. വെറ്റിലപ്പാറ ഭാഗത്ത് തോട്ടിലൂടെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച്​ മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മലയുടെ മുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചപ്പോള്‍ ഉരുള്‍പ്പൊട്ടലെന്ന് കരുതി ജനങ്ങള്‍ ഭയന്നു.

കനത്ത മഴയെ തുടര്‍ന്നാണ് ജലപ്രവാഹം ഉണ്ടായതെന്ന് കരുതുന്നു. വെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് ചില വ്യക്തികളുടെ മതിലും മാട്ടവും തകര്‍ന്നു. ആളുകള്‍ക്കോ വീടുകള്‍ക്കോ നാശം ഉണ്ടായിട്ടില്ല. കല്ലും ചളിയും അടിഞ്ഞുകൂടിയതിനാല്‍ അതിരപ്പിള്ളി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ചിക്ളായി ഭാഗത്ത് കലുങ്കിന് സമീപം വെള്ളം റോഡില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതുമൂലം വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് ഈ കലുങ്കി​​െന്‍റ ഒരു ഭാഗം തകര്‍ന്നിരുന്നു. അത് നേരെയാക്കിയിട്ടില്ല. വെള്ളം കെട്ടി നിന്നാല്‍ കലുങ്കി​​െന്‍റ മറുവശവും തകരുമോ എന്ന ആശങ്ക ഉണ്ട്​. മലവെള്ളപ്പാച്ചിലിന് കാരണം ഉരുള്‍പ്പൊട്ടലാണോയെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.

മലവെള്ളപ്പാച്ചില്‍: കണ്ണാടിപ്പൊയിലില്‍ നാശനഷ്​ടങ്ങള്‍ ഒട്ടേറെ

ബാലുശ്ശേരി: കണ്ണാടിപ്പൊയില്‍ കുന്നിക്കൂട്ടം മലയില്‍ മണ്ണിടിഞ്ഞുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒട്ടേറെ നാശനഷ്​ടങ്ങള്‍. വ്യാഴാഴ്ച വൈകീട്ടോടെയാണ് കനത്ത മഴയോടൊപ്പം കുന്നിക്കൂട്ടം മലയില്‍നിന്നു മണ്ണും ചളിയും നിറഞ്ഞ മലവെള്ളത്തി​​െന്‍റ കുത്തൊഴുക്കുണ്ടായത്‌. താഴ്വാരത്തെ പിണ്ഡംനീക്കി മീത്തല്‍ ഭാഗത്തെ ഒട്ടേറെ വീടുകള്‍ക്കും, കൃഷിയിടങ്ങള്‍ക്കും റോഡിനും നാശനഷ്​ടങ്ങളുണ്ടാക്കിയാണ് മലവെള്ളപ്പാച്ചില്‍ കടന്നു പോയത്. പിണ്ഡം നീക്കി മീത്തല്‍ മോഹന​​െന്‍റ വീടിനകം നിറയെ മണ്ണും ചളിയും നിറഞ്ഞിരുന്നു. ശ്രീജിത്ത്, രാജീവന്‍ എന്നിവരുടെ വീടുകളിലേക്കും മണ്ണും ചളിയും ഒഴുകിയെത്തിയിട്ടുണ്ട്.

നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നലെ വീട് വൃത്തിയാക്കിയത്. പാവുക്കണ്ടി നീര്‍ത്തട-മണ്ണുസംരക്ഷണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പിണ്ഡം നീക്കി മീത്തല്‍ തോടി​​െന്‍റ ഭിത്തികള്‍ പാടെ തകര്‍ന്നു. കുന്നിക്കൂട്ടം റോഡി​​െന്‍റ മണ്ണിളകി ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലും മണ്ണും ചളിയും നിറഞ്ഞ് നശിച്ചിട്ടുണ്ട്. വര്യം കണ്ടി രാജ​​െന്‍റ റബര്‍ തോട്ടവും കുരുമുളക് കൃഷിയും പാടെ സംഭവിച്ചിട്ടുണ്ട്. പിണ്ഡം നീക്കി മീത്തല്‍ തോടി​​െന്‍റ ഭിത്തി തകര്‍ന്ന് തോട് ഗതി മാറി പറമ്ബുകളിലൂടെ ഒഴുകിയതാണ്​ കൂടുതല്‍ നാശനഷ്​ടത്തിനിടയാക്കിയത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്​ച മഴക്ക് അല്‍പം ശമനമുണ്ടെങ്കിലും പ്രദേശവാസികളുടെ ആശങ്ക വിട്ടകന്നിട്ടില്ല.

മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം
ഗൂഡല്ലൂര്‍: മഴ ശക്തമായ നീലഗിരിയുടെ ഊട്ടി, കൂനൂര്‍, കുന്താ മേഖലയില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതതടസ്സം നേരിട്ടു. മഴക്കെടുതി നേരിടാന്‍ മുന്‍ ഒരുക്കങ്ങള്‍ നേരത്തെ സ്വീകരിച്ചിരുന്നു. റവന്യൂ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി ബോര്‍ഡ്, പൊലീസ്, ഫയര്‍ഫോഴ്സ്, ട്രാന്‍സ്പോര്‍ട്ട്, സിവില്‍ സപ്ലൈസ് എന്നിവ സദാ സജ്ജരായി രംഗത്തുണ്ട്​. കുന്താ താലൂക്കില്ലാണ് മഴക്കെടുതി കൂടുതല്‍. ഊട്ടി-മഞ്ചൂര്‍ പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഊട്ടി കേത്തി ഭാഗത്തും ഗതാഗതതടസ്സം നേരിട്ടു. ഊട്ടി ഇത്തലാര്‍ റോഡ് ചളിക്കുളമായി മാറി. കേത്തി, പാലാട, മുത്തോര ഭാഗത്ത് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി കൃഷികള്‍ നശിച്ചു. ഉറവ പൊട്ടി റോഡിലേക്കൊഴുകുന്നത് റോഡ് തകരാനും കാരണമായി. മഴ തുടരുന്നപക്ഷം മഴക്കെടുതി രൂക്ഷമാവും. നീലഗിരി ഉള്‍പ്പെടെ 15 ജില്ലയില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചെന്നൈയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കുന്താ താലൂക്കിലെ കുന്താ, അവലാഞ്ചി, എമറാള്‍ഡ്, ഗെത്തൈ, കിണ്ണക്കൊരെ, കോത്തഗിരി എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.