സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്നു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത. തുലാവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴ നാളെയും കേരളത്തില്‍ ശക്തമായി പെയ്യുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ പ്രവചനം. ഇന്നും നാളെയും മഴ ദുര്‍ബ്ബലമാകുകയും 21,22,23 തീയതികളില്‍ ഘട്ടം ഘട്ടമായി ശക്തി പ്രാപിക്കുകയും ചെയ്യുമെന്നാണ് സ്‌കൈമെറ്റിന്റെ പ്രവചനം.

ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍ ലക്ഷ്യമാക്കി നീങ്ങിയ ശേഷം നേരെ തിരിഞ്ഞ് ഗുജറാത്ത് തീരത്തേയ്ക്ക് സഞ്ചരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് മറ്റൊരു കാലാവസ്ഥാ നിരീക്ഷകരായ കേരള വെതറിന്റെ നിഗമനം. ഇതിനനുസരിച്ച്‌ വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ദുര്‍ബ്ബലമാകുകയും പിന്നീട് ശക്തമാകുകയും ചെയ്യും.